Kerala
പാലക്കാട്: സിപിഎം കോട്ടയായ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ്. വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. വി.എസിന്റെ തട്ടകത്തിൽ അദ്ദേഹത്തിന്റെ നിഴലായിരുന്ന ഒരാളെ രംഗത്തിറക്കുന്നതിലൂടെ ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
രണ്ടര പതിറ്റാണ്ടോളം വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും വിശ്വസ്തനായിരുന്നു എ. സുരേഷ്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ നിഴലായി സുരേഷ് കൂടെയുണ്ടായിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് 12 വർഷം മുൻപാണ് സുരേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുന്നത്. വി.എസ് പക്ഷക്കാരനായിരുന്ന സുരേഷിനെ പുറത്താക്കിയത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വി.എസ്. അച്യുതാനന്ദൻ അഞ്ച് തവണ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് മലമ്പുഴ. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ സുരേഷിന്റെ സാന്നിധ്യം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ തന്നെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് നേതാക്കൾ സമീപിച്ചെന്ന് എ. സുരേഷ്. അതേസമയം, മത്സരിക്കുന്നതിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് പറഞ്ഞു.
വി.എസിന്റെ വിശ്വസ്തനും ദീർഘകാലം അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന സുരേഷ് സിപിഎമ്മുമായി അകന്നുനില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്ഗ്രസ് നേതാക്കള് സുരേഷുമായി ബന്ധപ്പെട്ടത്. സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല് 2016വരെ നാലുതവണ വി.എസ് മലമ്പുഴ മണ്ഡലത്തില് നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ. പ്രഭാകരനായിരുന്നു എല്ഡിഎഫ് സ്ഥാനാര്ഥി.
അതേസമയം, മലമ്പുഴയിൽ വി.എസിന്റെ മകൻ അരുൺകുമാറിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെ വന്നാൽ എ. സുരേഷ് യുഡിഎഫ് സ്ഥാനാർഥിത്വം സ്വീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം.
ദീർഘകാലം വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു.
സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, മലമ്പുഴയിൽ എൽഡിഎഫ് വി.എസിന്റെ മകൻ അരുൺകുമാറിനെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള് മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള് അധികൃതര് ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ പരാതികളുമായി വിദ്യാർഥികൾ. ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗിനിടെയാണ് കൂടുതൽ വിദ്യാർഥികൾ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിൽ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായാണ് പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തിൽ ശിശു സംരക്ഷണ സമിതി കൗൺസിലിംഗ് നൽകിയ അഞ്ച് വിദ്യാർഥികളാണ് അനിലിനെതിരെ മൊഴി നൽകിയത്.
ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് മലമ്പുഴ പോലീസ്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗ് വരും ദിവസങ്ങളിലും തുടരും.
അതേസമയം നാളെയാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന തീയതി.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. മലമ്പുഴയിലെ യുപി സ്കൂളിലെ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയതും അധ്യാപകൻ പിടിയിലായതും.
എസ്സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്ട്ടേഴ്സിൽ വച്ചാണ് മദ്യം നൽകിയശേഷം പീഡിപ്പിച്ചത്. ആറാം ക്ലാസുകാരനായ വിദ്യാര്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ പിടിയിലായത്.
Kerala
പാലക്കാട്: മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മലമ്പുഴ ഗവ.സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്.
നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പുലിഭീഷണി നിലനിൽക്കുന്നതിനാൽ മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
Kerala
മലമ്പുഴ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഇന്നലെ ഉച്ചയ്ക്കു പുലിയെ കണ്ടതായി വിദ്യാർഥികൾ. ഉച്ചയൂണുകഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്നു വിദ്യാർഥികൾ അധ്യാപകരോടു പറഞ്ഞു.
അധ്യാപകർ വിവരം അറിയിച്ചതിനെതുടർന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.15 ന് ഈ പ്രദേശത്തു പുലിയെ കണ്ടിരുന്നു. ഒലവക്കോട് താണാവിലെ ബീവറേജസ് ജീവനക്കാരൻ ജോലികഴിഞ്ഞു വരുമ്പോഴാണു മതിലിൽ പുലിയിരിക്കുന്നതു കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടത്. ഉടൻതന്നെ മൊബൈലിൽ ഫോട്ടോയും വീഡിയോയും പകർത്തുകയും വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തിരുന്നു.
നിരീക്ഷണകാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈകീട്ട് അഞ്ചരയ്ക്കു കാമറ വയ്ക്കുകയും രാവിലെ പത്തിനു കാമറ എടുത്തുകൊണ്ടുപോവുകയുമാണ് ചെയ്യുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാമറ സ്ഥാപിക്കണമെന്നും പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെത്തന്നെയാണ് ജവഹർ നവോദയ വിദ്യാലയവും ഹോസ്റ്റലും പ്രവർത്തിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ്.